ഭാഷാശാസ്ത്രം ഒരു പ്രധാനപ്പെട്ട ശാസ്ത്രശാഖയാണ്. 'ശാസ്ത്രങ്ങളുടെ മാതാവ്' എന്ന് ഗണിക്കുന്ന ഭാഷാശാസ്ത്രം, ഇന്ന് വളരെയേറെ പുരോഗമിച്ചിരിക്കുന്നു. ഫോറൻസിക് ലിംഗ്വിസ്റ്റിക്സ് , സൈക്കോലിംഗ്വിസ്റ്റിക്സ്, ന്യൂറോ ലിംഗ്വിസ്റ്റിക്സ് പോലുള്ള പുതിയ ശാഖകളും പുതിയ പഠനമേഖലകളും രൂപപ്പെടുന്നതിനനുസരിച്ച് ദിനേനെ എന്നവണ്ണം സാങ്കേതികശബ്ദങ്ങളും രൂപപ്പെടുത്തേണ്ടിവരുന്നു. പരമ്പരാഗതമായ വ്യാകരണശബ്ദങ്ങൾക്കപ്പുറം കഴിഞ്ഞ അരനൂറ്റാണ്ടിനകം ഒരുപാട് സാങ്കേതികപദങ്ങൾ ഇന്ന് പ്രയോഗത്തിലുണ്ട്. എല്ലാ ശാസ്ത്രശാഖകളെയും പോലെ ഇവ സാങ്കേതിക വിദഗ്ധർക്കും അധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അറിവിന്റെ ലോകം തേടിപ്പോകുന്ന സാധാരണക്കാർക്കും പരിചയപ്പെടുത്തേണ്ടതുണ്ട്. ഓണ്ലൈനിന്റെയും സ്മാർട്ട് ഫോണിന്റെയും കാലഘട്ടത്തിൽ ഇതെല്ലം ഇന്ന് വിരൽത്തുമ്പിൽ എത്തേണ്ടിയിരിക്കുന്നു. ഈ ആവശ്യം മുന്നിൽക്കണ്ട് കേരളസർവകലാശാലയുടെ തനതുഫണ്ടിൽ നിന്ന് ലഭ്യമാക്കിയ വിഭവം ഉപയോഗിച്ച് തയാറാക്കിയതാണ് ഈ ഓൺലൈൻ വിജ്ഞാനകോശം. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പ്രയോജനപ്പെടും വിധം അകാരാദി ക്രമത്തിൽ ഓരോ അക്ഷരങ്ങളിൽ നിന്നും തുടങ്ങുന്ന പരമാവധി പദങ്ങൾ ലഭ്യമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പദങ്ങളുടെ നിർവചനവും വ്യാഖ്യാനവും ഒപ്പം അവയുടെ തുല്യ മലയാളപദവും ലഭ്യമാണ്. മലയാളപദത്തിന്റെ വ്യാഖ്യാനവും നിർവചനവും അവിടെ തന്നെ കണ്ടെത്താം. ഈ വിധം ദ്വിഭാഷാ ദ്വിദിശാ വിജ്ഞാനകോശത്തിലേക്ക് ഓരോ ഉപഭോക്താവിനും അനായാസേന ചെന്നെത്താവുന്നതാണ്. ഒരു നിർദ്ദിഷ്ട പദം മലയാളത്തിലോ ഇംഗ്ലീഷിലോ ലഭ്യമല്ലെങ്കിൽ അത് ഉപഭോക്താവിന് നിർദ്ദേശിക്കാനുള്ള സൗകര്യം ഉണ്ട്. ലഭ്യമായ പദവ്യാഖാനങ്ങളിലുള്ള തിരുത്തലുകൾ നിർദേശിക്കാവുന്നതുമാണ്. പദങ്ങളുടെ ഉച്ചാരണവും ഉൾപ്പെടുത്താൻ ശ്രമിക്കുന്നു, കൂടാതെ പ്രൊജക്റ്റിന്റെ അടുത്ത അപ്‌ഡേറ്റിൽ നിർവചനത്തിന്റെ വായന ഉൾപ്പെടുത്തുന്നു.